Prithviraj Also Faced Cyber Attack Like Parvathy
തലമൂത്ത താരരാജാക്കന്‍മാര്‍ മിണ്ടാതിരുന്ന കാലത്ത്, സ്വന്തമായ അഭിപ്രായം ഉണ്ടായതും, അത് പരസ്യമായി പ്രകടിപ്പിച്ചതും എല്ലാം പൃഥ്വിരാജിനെ പലരുടേയും കണ്ണിലെ കരടാക്കിയിട്ടുണ്ട്. അഹങ്കാരിയാണ് പൃഥ്വിരാജ് എന്നായിരുന്നു അന്നത്തെ പൊതുബോധം. ഒരു അഭിമുഖത്തിന്റെ പേരില്‍ പൃഥ്വിരാജിനെ 'രാജപ്പന്‍' ആക്കി മാറ്റിയതും ഇതേ സോഷ്യല്‍ മീഡിയ തന്നെ ആയിരുന്നു. എന്നാല്‍ എത്രകാലം അത്തരം വെട്ടുകിളി കൂട്ടങ്ങള്‍ക്ക് പൃഥ്വിവിനെ രാജപ്പനാക്കി നിര്‍ത്താന്‍ ആയി? ഇപ്പോള്‍ രാജുവേട്ടനെന്നും രാജുമോനെന്നും വിളിച്ച് പ്രശംസിക്കുന്നതും ആ വിഭാഗത്തില്‍ പെട്ടവര്‍ തന്നെയല്ലേ... പാര്‍വ്വതിയുടെ കാര്യത്തിലും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെ തന്നെ ആയിരിക്കും. പക്ഷേ, പൃഥ്വിരാജ് നേരിട്ടതിനേക്കാള്‍ വലിയ വെല്ലുവിളികള്‍ പാര്‍വ്വതി നേരിടേണ്ടി വരും... പൃഥ്വിയുടെ ആണ്‍ സ്വത്വം അല്ല പാര്‍വ്വതിയുടേത് എന്നത് തന്നെയാണ് അതിന് കാരണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച അപൂര്‍വ്വം നടന്‍മാരില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. തനിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടുണ്ടെന്നും, ആ നിലപാട് അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ അക്കാര്യം പുറത്ത് വന്ന് പറയും എന്നും അമ്മയുടെ യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് പറയാനുള്ള ചങ്കൂറ്റം കാണിച്ചിട്ടുണ്ട് പൃഥ്വിരാജ്. പണ്ട് പൃഥ്വിരാജിനെ തെറി പറഞ്ഞ് നടന്നിരുന്നവര്‍ക്കെല്ലാം അത് പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ പാര്‍വ്വതിയെ തെറി പറയുന്നവര്‍, ഒപികെവി എന്ന് പറയുന്നവര്‍... ഇവരെല്ലാം അധികം കഴിയും മുമ്പേ നിലപാട് മാറ്റേണ്ടി വരും എന്ന് ഉറപ്പാണ്. നിലപാടുകള്‍ക്ക് മാത്രമായിരിക്കും ആയുസ്സ്. വിവാദം ഭയന്ന് വായടച്ച് പിടിച്ച് ചിരിക്കുന്ന താരാധിപത്യങ്ങള്‍ ഒരുനാള്‍ തകര്‍ന്നടിയുക തന്നെ ചെയ്യും